Friday, 23 December 2016

കഥയുടെ മണി കിലുക്കം

കഥയുടെ മണി കിലുക്കം

ഓർമയുണ്ട്  ആ  കുട്ടിക്കാലം.മൂക്കിളയൊലിപ്പിച്ചും  അണ്ണാറക്കണ്ണനോട് ചിണുങ്ങിയും പുഴയരികിൽ നിന്ന് വെള്ളാരം കല്ലുകൾ പെറുക്കിയും  ഊർന്നു വീണു കൊണ്ടിരുന്ന വള്ളി പാവാടയ്ക്കുള്ളിൽ  കഴിച്ചു  കൂട്ടിയ മനോഹരമായ ബാല്യ കാലം. കുളിച്ചു ഹരിചന്ദന കുറി  വരച്ചു സുന്ദരക്കുട്ടിയായി  അമ്മൂമ്മയുടെ വെള്ള മുണ്ടിന്റെ കോന്തലയ്ക്കൊപ്പം ,മുനിഞ്ഞു കത്തുന്ന നിലവിളക്കിൽ അറിയാതെ വീണു ചത്ത് പോയ പ്രാണിയോട് സഹതപിച്ചു കൊണ്ട്  ഇളം ചുണ്ടിൽ  രാമ രാമാന്ന്  പേർത്തും വെച്ച സ്വർഗത്തേക്കാൾ സുന്ദരമായ ആ നാളുകൾ.

ഓർമകൾക്ക് എന്നും സുഗന്ധമാണ്. കവി പാടിയത് പോലെ അവ ആത്മാവിന്റെ നഷ്ട സുഗന്ധങ്ങളാണ്.മനസ്സിൽ ഒരു പിടി നന്മകൾ വാരി വിതറി കടന്നു വരുന്ന ഗൃഹാതുരത നമുക്ക് കിട്ടിയ അനുഗ്രഹമാണ്. അന്യവൽക്കരിക്കപ്പെടാതെ കാത്ത് സൂക്ഷിക്കാൻ ഇനിയും ഉണ്ട് ഒട്ടേറെ കാര്യങ്ങൾ. ഇടി വെട്ടുന്ന, തെങ്ങിൻ തലപ്പുകൾ പോലും തല കുനിക്കുന്ന കർക്കിടക പേമാരിയിൽ പുള്ളിയുടുപ്പും കൊച്ചു കയ്യാൽ  മുറുക്കെ പിടിച്ച പൂക്കൾ തുന്നിയ മഞ്ഞ പോപ്പിക്കുടയും ചൂടി  ഇടയ്‌ക്കിടക്ക്  കടന്നു വന്നു  ഉപദ്രവിക്കുന്ന നനുത്ത കള്ളൻ കാറ്റിനോട് ദേഷ്യപ്പെട്ട് അവസാനം  ഓടിട്ട തറവാട് മുറ്റത്തെത്തുമ്പോൾ കാണുന്ന കണ്ണിനു കുളിർമ പകരുന്ന  ഒരു കാഴ്ചയുണ്ട്.എന്താന്നറിയോ.  എഴുത്തോലയും കയ്യിൽ പിടിചു നിലവിളക്കിന്റെ മുന്നിൽ ഇരിക്കണ മറ്റൊരു നില വിളക്ക് .മനസ്സിലായോ ആരാന്ന് അതെ എൻറെ  മുത്തശ്ശി . കർക്കിടകത്തിലെ സന്ധ്യകളിൽ ചുറ്റുപാടുമുള്ള അമ്പലങ്ങളിൽ നിന്നും ഒഴുകി വരുന്ന രാമായണ ശീലുകൾക്കായി ഇരുട്ട് മൂടിയ അടുക്കളതളത്തിൽ  നിന്ന് കയ്യിലെ ചായക്കോപ്പയും പിടിച്ചു  പുറ വരാന്തയിലേക്ക് ഓടി ചെന്ന കുഞ്ഞു കാലടികൾക്ക് ഇന്നും അതേ   വേഗമാണ്.ആ പദ  നിസ്വനത്തിനു ഒരേ താളമാണ്. പൂരക്കാലത് ചെമ്പകം മണക്കുന്ന പൂമുറ്റങ്ങളിൽ ശീപോതിയും കർക്കടകത്തിൽ കർക്കിടക തെയ്യവും സന്ദർശനം നടത്തിയിരുന്നു.അകലെ നിന്ന് പൂരക്കളിയുടെയും കൈക്കൊട്ടിക്കളിയുടെയും ശബ്ദ സൗകുമാര്യം കാതോർത്തിരുന്ന കുട്ടിക്കുറുമ്പിക്ക് ഇന്നും അതെ കൗതുകം .ഒടുവിൽ സ്ഥലം മാറ്റം കിട്ടിയ അച്ഛനോടൊപ്പം ഈ ശബ്ദ സൗന്ദര്യങ്ങളോട് വിട പറഞ്ഞു തീവണ്ടിയുടെ  ഇരമ്പങ്ങൾക്കായി കാതോർത്തു കൊണ്ട് അവൾ ബോംബെയിലേക്ക് വണ്ടി കയറി.അവിടെ അവളെ വരവേറ്റത് വടാപാവിന്റെയും  നറു  നെയ്യിന്റെയും മണമുള്ള ശബ്ദങ്ങളായിരുന്നു.പക്ഷെ എന്നും രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞും അവളെ ഉറക്കാതെ  കിടത്തിയത് തൊട്ടടുത്ത ഓഡിറ്റോറിയത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നടന്നിരുന്ന ഷഹനായി കച്ചേരികളായിരുന്നു.ബിസ്മില്ലാഖാനെ കുറിച്ചൊന്നും അറിയില്ലാരുന്നെങ്കിലും അവൾ ആ സ്വരങ്ങളെ കാതോർത്തു വെച്ചു.പിന്നെ വലുതായപ്പോൾ അവൾ പലതും കേട്ടു.അസ്വാരസ്യങ്ങൾ നിറഞ്ഞ പല  ശബ്ദങ്ങളോടും അവൾ കലഹിച്ചു.പലതും നെഞ്ചോടു ചേർത്ത് വെച്ചു .ചിലത് അവളെ വേദനിപ്പിച്ചു, ചിലത് ഇക്കിളിപ്പെടുത്തി.പക്ഷെ നിറഞ്ഞ ശബ്ദങ്ങളുടെ നിറമുള്ള  ലോകത്ത്  അവളെന്നും രാജ കുമാരിയായിരുന്നു ന്നു.അന്യവൽക്കരിക്കപ്പെടാതെ നെഞ്ചിൽ സൂക്ഷിച്ച വെച്ച ശബ്ദ സംസ്കാരം അവളുടെ സ്വത്വമാരുന്നു.ആ ശബ്ദങ്ങളുടെ മണികിലുക്കം മാത്രമാണ് ഇന്നോളം ഉണ്ടാക്കിയ എല്ലാ സ്വത്തിനേക്കാളും അവൾ വില മതീക്കുന്നത് . അവളാണ് ഈ കവി എന്ന് വേറിട്ട് പറയണ്ടല്ലോ.

ഇനി ഞാൻ പറഞ്ഞ ശബ്ദ സംസ്കാരം.അ തെന്താണെന്നാവും.നമ്മുടെ ഇന്ദ്രിയങ്ങളാണ് നമ്മൾ ജീവിക്കുന്ന സമൂഹത്തിനെ നമുക്ക് പരിചയപ്പെടുത്തുന്നത്.എല്ലാം നമ്മൾ അറിയുന്നത് നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടാണ്.അതെ തുറന്നു പറയാം.ക്ലാസ്സെടുക്കുകയാണെന്നു കരുതരുത് കേട്ടോ.ഓരോ ഇന്ദ്രിയത്തിനും അത് കണ്ട,കേട്ട , തൊട്ടറിഞ്ഞ,രുചിച്ചറിഞ്ഞ ഓരോ സംസ്കാരമുണ്ട്. ഇതിന്റെയൊക്കെ ആകെത്തുകയായിട്ടാണ് നമ്മൾ നമ്മുടെ സമൂഹത്തെ നിർണയി ച്ചിരിക്കുന്നത്.കണ്ണ് കാണാത്തവർ ആനയെ തൂണായും മറ്റും വ്യാഖ്യാനിച്ച പോലെ ഓരോ ഇന്ദ്രിയങ്ങളും അവരുടേതായ വ്യാഖ്യാനങ്ങളിൽ മുഴുകിയിരിക്കുകയാണ്.ഓരോ നിമിഷാർദ്ധത്തിലും . ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്നൊന്നും ഇല്ല. പണ്ട് ആൽബർട്ട് ഐൻസ്റ്റെയ്ൻ പറഞ്ഞ പോലെ എല്ലാം ആപേക്ഷികമാണ്. ഞാനീ എഴുതുന്നത് ശുദ്ധ അസംബന്ധമായി തോന്നുന്നവരുണ്ടാവാം.നമുക്കുണ്ടായ പൂർവ്വാനുഭവങ്ങളത്രെ നമ്മുടെ തോന്നലുകൾക്കും  പല വിധ മുൻധാരനൽകും കാരണം.

ജീവിതത്തിന്റെ അടിയൊഴുക്കിൽ പെട്ട് സമയമില്ലാത്തവരായി മാറിക്കഴിഞ്ഞു നാമോരോരുത്തരും.കന്യകാത്വത്തിനു പകരം വെക്കാൻ കൃത്രിമമായ കന്യക ചർമ്മവും,കിടപ്പറയിലെ മടുപ്പ് ഒഴിവാക്കാനും എന്നാൽ ഭാര്യയെ ചതിക്കാൻ താല്പര്യമില്ലാത്തവർക്കുമായി പ്ലാസ്റ്റിക് പെൺ  പാവകൾ പോലും ലഭ്യമായ  ഇന്നത്തെ കാലത്തു എന്തിനും ഏതിനെയും  അപരനെ ഞൊടിയിടയിൽ ഉണ്ടാക്കാനുള്ള വ്യഗ്രത ഹിറ്റലറിന്റെ രണ്ടാം പിറവി കാത്തു  കിടക്കുന്ന ഒരു ജനതയെ ഇവിടെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ .അപമാനവീകരണമാനിന്നത്തെ ട്രെൻഡ്. എല്ലാത്തിനും  നല്ല വശങ്ങളുണ്ടാവുമല്ലോ .എന്നാൽ കിടക്കട്ടെ ഈ ടെക്നോളോജിയുടെ ഒരു നല്ല വശം.

ഈയിടെയാണ് 'അമ്മ പരാതി പെട്ടത്.എന്റെ വായന തീരെ അവതാളത്തിലാണെന്ന് .  15   വായനശാലകളിൽ ഒരുമിച്ച്  അംഗത്വമെടുത്ത്   പുഷ്പക വാഹനമായ ലേഡി ബേർഡ് സൈക്കിളിലേറി വായനാ  ശാലകൾ തോറും കയറിയിറങ്ങിക്കൊണ്ടിരുന്ന ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു .പുസ്തകങ്ങളുടെ മഞ്ഞപ്പേജിനുള്ളിൽ കിടന്നുറങ്ങിയാലെന്ത് എ ന്നടക്കം ഞാൻ ചിന്തിച്ചിരുന്നു.നാട് തെണ്ടി പുസ്തകങ്ങൾ സമാഹരിച്ചു  കൊണ്ട് വരിക, ഉള്ളിൽ  കത്തണ ആർത്തിയോടെ അത് വായിച്ച തീർക്കുക.വായന എനിക്ക് ഒരിക്കലും ഒരു  നേരം പോക്കായിരുന്നില്ല .എന്താണ് ഹോബ്ബിയെന്ന് ആരേലും  ചോദിക്കുമ്പോൾ രക്ഷപ്പെടാനുള്ള വെറും വാക്കായിരുന്നില്ല..വായന എനിക്ക് ജീവിതമാരുന്നു .

 ഇന്നും കണ്ണിലുണ്ട് , വായന അതിരു കടക്കുന്നുവെന്നും പാഠപുസ്തകം പഠിക്കാത്തതിന്ൻറെ  പേരിൽ  ലൈബ്രറി പുസ്തകം കത്തിച്ചു കളയുമെന്നു പോലും   ഭീഷണിപ്പെടുത്തിയ 'അമ്മ ജൂൺ 19 നു വായന ദിനത്തിൽ വായനയുടെ പ്രാധാന്യത്തെ പറ്റി പറഞ്ഞ  പ്രിൻസിപ്പലിൻറെ വാക്കു കേട്ടു   നിർവൃതിയോടെ കണ്ണീർ  തുടച്ചത് .  .ഇത്രയ്മ് ഗൗരവത്തോടെ വായനയെ കണ്ടവൾ, കെട്ടി നിർത്തിയ  വെള്ളത്തിൽ നിന്നല്ല , ഒഴുകുന്ന അറിവിന്റെ നദിയിൽ നിന്ന് വേണം നമ്മൾ അറിവ്  നുകരാൻ  എന്ന് പറഞ്ഞു  ബീയോണ്ട് ദി സിലബസ്  തത്വം കൊണ്ട് വന്ന  എന്റെ അധ്യാപക ശ്രേഷ്ഠർക്  പ്രണാമം. അവരുടെ വാക്കുകൾക്കു കാതോർത്തു കയ്യടിക്കാൻ കാത്തിരുന്ന ഒരു കുഞ്ഞു പെൺകുട്ടിയിപ്പോഴും  എൻറെ  ഉള്ളിൽ മരിക്കാതെ കിടപ്പുണ്ട്,.അത് കൊണ്ടാണ് കോർപറേറ്റീസിന്റെയിടയിൽ കിടന്ന് ജീവിതം മലീമസപ്പെടുമ്പോഴും കാലിടറി വീഴാതിരിക്കാൻ ഓഡിയോ പുസ്തക വായന എന്നെ സഹായിച്ചത്. കാലിനടിയിലെ മണ്ണ് വാർന്ന് അധ ;പതിച്ചു പോവാതിരിക്കാനുള്ള ത്രാണി എനിക്ക് പകർന്നു തരുന്ന ഈ ശ്രവ്യാനുഭവം വിവരിക്കുവാൻ ഈയുള്ളവൻ താത്പര്യപ്പെടുന്നു.

ചെറുപ്പത്തിലേ സായാഹ്നങ്ങളിൽ കൂട്ടി വെക്കാൻ മഞ്ചാടി കുരുക്കളോളം സമയമുണ്ടായിരുന്നപ്പോൾ എൻറെ മഴക്കാലങ്ങളെ അണിയിച്ചൊരുക്കാൻ നന്ദനാരുടെ ഉണ്ണിക്കുട്ടനും ഉറൂബിന്റെ രാച്ചിയമ്മയും ഉമ്മാച്ചുവും ഒക്കെ
എത്തുമായിരുന്നു . ജീവിതത്തിൽ ഏകാന്തതയെന്താണെന്നറിയാത്ത ദിനങ്ങൾ .വലുതായപ്പോൾ  യാഥാർഥ്യങ്ങളുടെ തിക്‌തത അവരെ എന്നിൽ നിന്നാണോ എന്നെ എന്നിൽ നിന്ന് തന്നെയാണോ അകറ്റി നിർത്തിയത്..അറിയില്ല.യന്ത്രികതയുടെ കൂട്ടിലായിരുന്നു കുറെ കാലം.ഒടുവിൽ ഒരു നാൾ ഒരു കൂട്ടുകാരി, എന്തോ എന്നിലെയെന്നെ അറിഞ്ഞ ഒരുവൾ ഒരു ഓഡിയോ ബുക്ക് തന്നു.വിറയാർന്ന കൈകളോടെ ഇത്തിരി ഒത്തിരി കൗതുകത്തോടെ ഞാനത് കൈക്കൊണ്ടു.എന്തോ പഴയ ആ കൊച്ചു കുട്ടി എന്റെയുള്ളിൽ കിടന്ന് പുഞ്ചിരി  തൂകി.കയ്യിലെ തക്കാളി   സൂപ്പ് നുകർന്ന് കൊണ്ടാണത് കേട്ടത്.കിട്ടാവുന്നതിൽ ഏറ്റവും ഹൃദ്യമായ അനുഭൂതി പകർന്ന എന്റെ എം.ടി യുടെ നാലുകെട്ട് .എന്താ ഇത്ര അധികാരത്തോടെ എൻറെ  എം.ടി എന്ന് വിളിക്കുന്നതെന്നാണോ.അതിനു മനോഹരമായ കാരണമുണ്ട്.ഇവരൊക്കെയാണ് എന്നിലെ എന്നെ രൂപപ്പെടുത്തിയത്.ഉള്ളിലെ ധിഷണ ശേഷിയും പൈതൃകത്തെ ഉൾക്കൊണ്ടു ജീവിക്കാനുള്ള കഴിവും ഒന്നും പകരം ചോദിക്കാനറിയാതെ  സ്നേഹിക്കുവാനുമുള്ള ഉൾക്കരുത്ത്  എനിക്ക് പകർന്നത് വേറാരും അല്ല.തല്ലിക്കെടുത്തിയാൽ കെടുന്നതല്ല സംസ്കാരം എന്ന് ചൊല്ലി പഠിപ്പിച്ച പ്രിയ കഥാകാരനാണ് എം.ടി. അറിയോ ആ ശ്രവ്യാനുഭവത്തിലൂടെ എന്താണ് ഞാൻ ആർജിച്ചെടുത്തതെന്നു.വേറൊന്നും അല്ല.നഷ്ടപ്പെട്ടു എന്ന് ഞാൻ ഭയപ്പെട്ട എൻറെ  സ്വത്വത്തെ, സംസ്‌കാരത്തെ . നഗരത്തിലെ മാളുകളേക്കാൾ വെളിച്ചം നിറഞ്ഞതാണ് എൻറെ  നാലുകെട്ടിനുള്ളിലുണ്ടായിരുന്ന  ഇരുട്ടു പോലും  എന്നു   ഞാൻ തിരിച്ചറിഞ്ഞു. കരിയിലകൾക്കിടയിലെ കാറ്റു  പോലെ ആ ഓഡിയോ ബുക്കിലെ ഓരോ വാക്‌ധോരണിയിലും  ഞാൻ സ്വയം ഒഴുകി നടന്നു. ഒരേ സമയത് എൻറെ  വർത്തമാനവും ഭൂതവും എന്നോട് സംസാരിച്ചു. അവ പരസ്‌പരം കലഹിച്ചു.ഒടുവിൽ സാമന്വയത്തിൻറെ  പാതയിൽ സമരസപ്പെട്ടു. ഒരു പുസ്തകം വായിച്ചതിനേക്കാൾ അത് കേൾക്കുമ്പോൾ ഇമ്പം തോന്നി.ശബ്ദ സംസ്കാരത്തെ പ്രണയിച്ച പെണ്ണിന് ഓഡിയോ ബുക്ക് തന്നത് വേറിട്ട ജീവിതമാണ്.പിന്നീടങ്ങോട്ട് അഗ്നിസാക്ഷിയും നഷ്ടപ്പെട്ട നീലാംബരിയും എൻറെ  ഇടവേളകളെ ആനന്ദ പൂർണമാക്കി. തേതിയേടത്തിയും ഉണ്ണിക്കുട്ടനും ഷെർലക് ഹോംസുമൊക്കെ വീണ്ടും എന്നോടിണങ്ങി.വെള്ളായി അച്ഛന്റെ പൊതിച്ചോറിലെ ഉപ്പ് എന്റെ കണ്ണീരിലലിഞ്ഞു ചേർന്നു . പിന്നെ എപ്പോഴോ നെയ്പായസത്തിലെ അച്ഛനെ  പോലെ എല്ലാം ശരിയാണെന്നു മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ പാടുപെട്ടു.

  വായന മരിച്ചുവോ ,മലയാണ്മ വംശനാശത്തിന്റെ വക്കിലാണോ.ആശങ്കകളേറെയാണ് .ആശങ്കയ്ക്ക് യഥാർത്ഥത്തിൽ വകയില്ല.കാരണം വായനയ്ക്കുള്ള മൃതസഞ്ജീവനി ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു.വായനയെ സ്നേഹിക്കുന്ന എന്നാൽ വായിക്കാൻ നേരമില്ലാന്ന് പരിഭ്രമിക്കുന്ന അനുവാചക ഹൃദയങ്ങൾക്ക് സന്തോഷം പകരുന്ന വാർത്തയാണ് ഓഡിയോ ബുക്‌സിൻറെ പിറവിയെക്കുറിച്ചുള്ളത് .വായനയും ഭാഷകളും കലാതിവർത്തികളാണ് .പുതിയ രൂപത്തിൽ ഭാവത്തിൽ അവ നമ്മെ കോൾമയിർക്കൊള്ളിച്ചു  കൊണ്ടിരിക്കും എന്നുള്ളതിൻറെ തെളിവാണ് ഈ ഓഡിയോ പുസ്‌തകങ്ങൾ . ഇവ നമുക്കു പകരുന്നത് വായനയുടെ പുതിയ അനുഭൂതിയാണ് .ചിന്തകളുടെയും സങ്കല്പങ്ങളുടയും ഒരു പുതിയ വാതായനം തന്നെ അവ നമുക്ക് മുന്നിൽ തുറന്നിടും.

 ഞാനുൾപ്പെടുന്ന പുത്തൻ  തലമുറ വാട്ടർപ്രൂഫ്  തലമുറയാണ് .ഈ അപമാനവീകരണവും കപട സദാചാരവും ചൂണ്ടിക്കാണിക്കുന്നത് വേറൊന്നുമല്ല.അപകടമാണ് വിധത്തിൽ കുറഞ്ഞു വരുന്ന വായന തന്നെ കാരണം.ഫോണിലും ഇലക്ട്രോണിക് ഗാഡ്ജറ്റ്സിലും കൂനിക്കൂടിയിരിക്കുന്ന ന്യൂ ജനറേഷൻ കേട്ട് കാണില്ല കവി പാടിയത് ' അന്യ ജീവനുതകി സ്വജീവിതം  ധന്യമാക്കുംഅമലേ വിവേകികൾ.ഇന്ന് കണ്മുന്നിൽ കിടന്നൊരുവൻ   പിടഞ്ഞു മരിച്ചാലും ജഡത്തിന്റെ കൂടെ സെൽഫിയെടുക്കാനാണ് എല്ലാവര്ക്കും തത്രപ്പാട് .മാറണം ഈ പ്രവണത.അറിയണം നമ്മൾ.അറിവുള്ളവരാവണം .കണ്ടും കേട്ടും പഠിക്കണം .വായന മുഖം  മിനുക്കലിൻറെ തിരക്കിലാണ് .നമ്മളും തയ്യാറാവണം.ഇരു കയ്യും .നീട്ടി സ്വീകരിക്കാൻ.മുത്തശ്ശിക്കഥകൾ കേട്ടുറങ്ങിയവരാണ്  നമ്മളെല്ലാം.ഭാഷ വേഷ ഭേദമന്യേ .കേൾവിയുടെ ഈ സങ്കേതം നല്ല രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താനാവണം.

നഷ്ടങ്ങളെ പറ്റി  പരിതപിചിരുന്നിരുന്ന ഞാൻ ,ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം എന്നെ നഷ്ടപ്പെടുത്തിയെന്ന് ഭയപ്പെട്ട ഞാൻ ഇന്ന് ഏറെ സന്തോഷവതിയാണ്.എന്റെ 'അമ്മ തെളിച്ചു വെച്ച ,അച്ഛൻ ഊട്ടിയുറപ്പിച്ച നന്മ ഞാൻ വീണ്ടെടുത്തിരിക്കുന്നു.അക്ഷരങ്ങൾ ഇമ്പമുള്ള സ്വരങ്ങളായി  താദാത്മ്യം പ്രാപിച്ച്‌  എന്റെ കർണ പുടങ്ങളെ  തരളിതരാക്കുന്നു.ഞാൻ ഞാനായി തീർന്നിരിക്കുന്നു.എന്തിനെയും സാധ്യമാക്കുന്ന ടെക്നോളജിക്ക്‌ എന്റെ നമോവാകം .

എന്നെങ്കിലും എനിക്ക് ജനിക്കാനിരിക്കുന്ന എന്റെ മോളോട് ഒരു വാക്ക്.നീ നിൻറെ സംസ്കാരത്തെ നെഞ്ചേറ്റണം. മലയാളാക്ഷരങ്ങൾ  അന്യമാണെങ്കിലും മലയാളം നിനക്ക് വാമൊഴിയാവണം.നീ നിന്നെ അറിയണം.ഈ എന്നെയും.നിന്നെ കരേറ്റാൻ ഈ ഭൂമി മലയാളം കാത്തിരിക്കും. 

Monday, 14 November 2016

അനോസ്മിയ നല്ല 'സുഖ'മുള്ള അസുഖം ...

ഈ ലോകത്ത് വരാവുന്നതിൽ വെച്ച് ഏറ്റവും സുഖമുള്ള അസുഖം ഏതാന്നറിയോ ആ കുഴങ്ങേണ്ട ഞാൻ തന്നെ പറഞ്ഞു തരാം.അത് അനോസ്മിയ ആണ്.പേടിക്കണ്ട ഏതോ ഇംഗ്ലീഷ് നോവലിലെ സിൻഡ്രേല്ലയെ പോലെ സുന്ദരിയായ രാജകുമാരിയുടെ പേരല്ല   പറഞ്ഞത് . ഒരു തുറന്നു പറച്ചിലിന് ഒരുമ്പെടുകയാണെങ്കിൽ ഇതൊരു തരം വൈകല്യമാണ് .  കഴിഞ്ഞ രണ്ടു വർഷമായി ഈ വൈകല്യത്തിന് റിസർവേഷൻ കിട്ടാൻ വല്ല വകുപ്പും ഉണ്ടോന്ന് തപ്പി നടക്കുവാണ് ഈ ഉള്ളവൾ .ആ മറന്നു ഇത് സുഖമുള്ള അസുഖമാണെന്ന് ഞാൻ പറഞ്ഞപ്പോ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞതാണോന്ന് സംശയം ഉണ്ടല്ലേ.എന്നാ സംശയിക്കണ്ട .ഞാൻ പറഞ്ഞത് സത്യാ .ഒന്ന് ചിന്തിച്ച നോക്കിക്കേ .ഈ ഭൂമിലെ സകലമാന ദുർഗന്ധങ്ങളെയും നമ്മുടെ മൂക്ക് ഫിൽറ്റർ ചെയ്ത കളയണ ഒരവസ്ഥ .ഇത് എന്റെ പോസിറ്റീവ് വേർഷനാട്ടോ .വേറൊരു ചെറിയ കുഴപ്പം കൂടെയുണ്ട് .ഇത് പിടിച്ചാൽ പിന്നെ സുഗന്ധങ്ങളോടും ഗുഡ്‌ ബൈ പറയേണ്ടി വരും.ഡോ ചുരുക്കി പറഞ്ഞാൽ മൂക്കിന്റെ അടപ്പൂരും, ആപ്പീസു പൂട്ടുമെന്നൊക്കെ ശുദ്ധ മലയാളത്തിൽ വ്യാഖ്യാനിക്കാം .എന്തൊക്കെയായാലും ഇത് കാരണം എനിക്ക് താങ്ങാനാവാത്ത ചില വിശേഷണങ്ങൾ കിട്ടുകയുണ്ടായി. കടുത്ത സാമൂഹ്യ പ്രവർത്തക , മാനുഷിക പരിഗണനയുള്ളവൾ ,കറ കളഞ്ഞ മനുഷ്യ സ്‌നേഹി ,ഗാന്ധിയുടെ തറവാട്ടിൽ പിറന്നവൻ.ഇതൊക്കെ അവയിൽ പെടും.ഞാനതങ് വൃത്തിയായി ആസ്വദിക്കുകേം ചെയ്തു.മണം അടിച്ചു പോയത് കൊണ്ട് പരിസര ശുചീകരണം,രോഗി പരിചരണം,എന്തിനു പൊതു ശൗചാലയം പോലും വേണമെങ്കിൽ  അറപ്പില്ലാതെ വൃത്തിയാക്കാമെന്നായി. ഇത്രയും കാലം റെയിൽവേ സ്റ്റേഷനുകളിലും പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശ്ശൗചാലയത്തിനത്തിലും എന്തിനു ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ടോയ്‌ലെറ്റിന്റെ പടി വാതിലോളം  ചെന്ന് അകലത്തെ  വഴിയാകെ മിഴി പാകി തിരിച്ചു പോരുന്ന ഞാൻ അന്ന് മുതൽ കൂളായി എവിടെയും കയറി ചെല്ലാൻ തുടങ്ങി.എന്തൊക്കെയായാലും നാട്ടുകാരും വീട്ടുകാരും ഉൾപ്പെടെയുള്ള പൊതു ജനം എന്റെ ഈ വൈകല്യത്തിനെ മുഖവിലയ്ക്ക് എടുത്തില്ലെന്ന് മാത്രമല്ല എന്നിൽ അന്തർക്ഷോഭമുളവാക്കും  വിധം ഒരുതരം നിസ്സംഗത കാട്ടുക കൂടി ചെയ്തപ്പോ ഞാൻ  സ്വന്തം മൂക്ക് ഒരു വേള മുറിച്ച കളഞ്ഞാലോ എന്ന് കൂടി ചിന്തിച്ചു പോയി . ഇനി ഇതിന്റെ കരയിപ്പിക്കുന്ന വേർഷൻ കൂടെ  പറയട്ടെ.കാലത്തേ ചൂട് കാപ്പിയുടെ നവോന്മേഷം പകരുന്ന മണം  മുതൽ തൊടിയിൽ പുഞ്ചിരിച്ചു നിന്ന ജമന്തിപ്പൂവിന് പോലും എന്നെ പ്രലോഭിപ്പിക്കാൻ പറ്റിയില്ല.എന്ത് കൊണ്ട്  ജമന്തി..വല്ല പനിനീർപ്പൂവും ആവാമായിരുന്നില്ലേ എന്നാവും .ആവർത്തന വിരസത വേണ്ടാന്ന് ഈ കവി അങ്ങ്ചിന്തിച്ചു..അത്രേ ഉള്ളൂ  ..മണ മില്ലാത്ത  കൊണ്ട് രുചിയും തുച്ഛമായിരുന്നു.അമ്മയൊക്കെ പണ്ട് ഭക്ഷണം കഴിച്ചിരുന്ന പോലെ ആച്ചുമ്മയുടെ കറിയുടെ മണം പിടിച്ച ചോറുണ്ണാൻ എനിക്ക് കഴിയില്ലെന്ന് പറയണ്ടതില്ലല്ലോ ..മണത്തിന്റെ ആ സംസ്കാരം എനിക്ക് അന്യവൽക്കരിക്കപ്പെട്ടൂന്ന്  പോലും ഈ കവി ഭയന്നതിൽ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും .അതേടോ മണത്തിനു ഒരു സംസ്കാരമുണ്ട്.വർഷങ്ങളുടെ പാരമ്പര്യമുണ്ട്.നമ്മുടെ നാടിനും വീടിനും  അമ്മയുടെ വിയർപ്പിനും 'അമ്മ വിളമ്പിയിരുന്ന റേഷനരിചോറിനും   ചെറിയ കന്നി മാങ്ങാ ഉപ്പിലിട്ടതിനും എന്തിനു തൊടിയിലെ പശു ഇട്ട ചാണകത്തിനും അതിന്റെതായ സുഗന്ധമുണ്ട്.അതാണെനിക്ക് നഷ്ടപ്പെട്ടത്.അമ്മയുടെ മണം  അത് ഉള്ള ജീവൻ നില നിൽക്കുന്നിടത്തോളം നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കൂടെ വയ്യ .എന്റെ നാട്ടു നന്മയ്ക്കും കൂട്ടുകാരുടെ കളിക്കുറുമ്പിനും ഓണപ്പൂക്കളത്തിനും എന്റെ മലയാള നാടിനും അതിന്റെതായ ചാരുതയുണ്ട്.മണമുണ്ട്.പണ്ട് വള്ളി ട്രൗസറിട്ട കൂട്ടുകാരന്റെ കൂടെ ഊർന്നു വീഴണ കുട്ടിപ്പാവാടയും മടക്കി കുത്തി ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയത്..ഏതോ കവി പറഞ്ഞത് പോലെ ഓര്മകള്ക്കെന്ത് സുഗന്ധം...എൻ ആത്മാവിന് നഷ്ട സുഗന്ധം..മണത്തിനെ കുറിച്ച പ്രതിപാദിക്കുമ്പോൾ  ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥയാണ് മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം .പക്വതയെത്താത്ത  പ്രായത്തിൽ വായിച്ചു തീർത്ത ആ കഥ ആ കാലം മുതൽക്കേ എനിക്കൊരു സുഗന്ധമുള്ള അനുഭൂതിയാണ് പകർന്നത്.കഥയിലെ നായികയ്ക്കു അനുഭവപ്പെട്ട പോലെ  നിർവചിക്കാനാവാത്ത  ഒരു അനുഭൂതി.എന്റെ നഷ്ടബോധത്തിനു ആക്കം കൂട്ടാന് ഉപോൽബലകമായ കാര്യങ്ങൾ വേറെയും ഉണ്ട്.അതാണ് സ്വന്തം ആർത്തവ രക്തത്തിന്റെ മണം .എനിക്ക് മാത്രം അവകാശപ്പെട്ട മണം .എന്നിലെ വരും മാതൃത്വത്തിനെ പുളകം കൊള്ളിക്കുന്ന എന്റെ പിഞ്ചോമനയുടെ മുലപ്പാൽ കിനിയുന്ന ഇളം ചുണ്ടിന്റെ മണം .ഗൂഗിളിൽ സെർച് ചെയ്തപ്പോൾ എന്തോ ഭയങ്കരമായ പ്രശ്നമെന്ന് പേടിച്ച ഡോക്ടറിനെ കാണാനോടിയ ഒരു 24  കാരി എല്ലാവര്ക്കും സുപരിചിതയാണ്.പണ്ട് തളത്തിൽ ദിനേശന്മാർ  മാസികയിലെ ഡോക്ടർ പറഞ്ഞതനുസരിച് ജീവിച്ചു.ഇന്നത്തെ യുവത്വത്തിനെ ഗൂഗിൾ നയിക്കുന്നു.മൂക്കിൽ സൗന്ദര്യത്തിനു മേമ്പൊടി ചേർക്കാൻ കുത്തിയ ഒറ്റക്കൽ മൂക്കുത്തിയെ എന്റെ മണ കുറവിന് പഴി ചാരിയ  എന്റെ അമ്മേ  ഭയക്കേണ്ട 'അമ്മ തിരി കൊളുത്തി തന്ന എന്റെ മനസ്സിന്റെ കെടാവിളക്കിലെ എണ്ണയ്ക് അന്നും ഇന്നും  നിറം ..ഒരേ മണം ..ഒരേ തെളിച്ചം 

Friday, 11 November 2016

വട്ടെഴുത്തിന്റെ പിന്നാമ്പുറം

ഞാൻ എന്താണെഴുതാൻ പോവുന്നതെന്ന് എനിക്കു തന്നെ നിശ്ചയം പോരാ.പണ്ടെങ്ങോ കോറിയിട്ട കവിതകളുടെയും എഴുത്തു കുത്തുകളുടെയും മുൻപെങ്ങോ വായിച്ചു തീർത്ത പഴയ ഗൃഹാതുരത്വം മണക്കുന്ന പേജുകളുള്ള പഴയ നോവൽ കെട്ടുകളുടെയും പോയി മതിവരാത്ത വായനശാലയുടെ ഇടനാഴികളുടെയും അസ്ഥിപഞ്ജരത്തിൽ ഇരുന്നു കൊണ്ട് എഴുതാൻ ഞാൻ ധൈര്യപ്പെടട്ടെ.എന്നിലെ വായന മരിച്ചിട്ടില്ല .മരിക്കുകയുമില്ല.ഭൂമിയുള്ള കാലം വരെയും എന്റെ സ്വത്വത്തിന്റെ അക കാമ്പായി ഞാനത് സൂക്ഷിച്ചു വെക്കും.കാരണം എന്നെ ഞാനാക്കിയത് അനർഗ്ഗളമായ ആ അക്ഷരക്കൂട്ടങ്ങളായിരുന്നു . പറന്നുയരാൻ വെമ്പിയ എന്റെ മനസ്സിന് ചിറകുകൾ നൽകിയത് അക്ഷരങ്ങളുടെ ചാലക ശക്തിയായിരുന്നു.ജീവിതത്തിലെ  പ്രതിസന്ധികളിൽ പതറാത്ത ദാർഢ്യം എനിക്ക് സമ്മാനിച്ചത് എന്നോ മനസ്സിൽ മയിൽ‌പീലി പോലെ സൂക്ഷിച്ച എന്റെ പ്രിയ കഥാപാത്രങ്ങളുമായുള്ള താദാത്മ്യപ്പെടുത്തലുകളായിരുന്നു.

വട്ടെഴുത്ത് എന്ന പേരിൽ എന്തിരിക്കുന്നുവെന്നാവും .അതെ .ഞാൻ പറയാം.ഒരു ദ്വയാർത്ഥ പ്രയോഗം.അത്രയെ കവി ഉദ്ദേശിച്ചിട്ടുള്ളു .മലയാളം മരിക്കുന്നു എന്നോർത്തു ഊർധ്വ നിശ്വാസം കൊള്ളുന്ന മലയാളികൾക്കു ഒരോര്മപ്പെടുത്താൽ കൂടിയാണ്  എന്റെ ബ്ലോഗ്.മലയാളം മരിക്കില്ല മലയാളത്തിന് മരണമില്ല.വട്ടെഴുത്തു ലിപിയിലുള്ള എന്റെ 'അമ്മ ഭാഷ കാലാതിവർത്തിയാണെന്ന് അടിവരയിട്ടു പറയുകയാണ് ഇവിടെയുള്ള എന്റെ ഓരോ വായനക്കാരനും.അല്ലേ അത് കൊണ്ടല്ലേ പല രൂപത്തിൽ പല ഭാവത്തിൽ ഭാഷാ ലോകത്തിൽ എന്റെ 'അമ്മ മലയാളം തന്റെ ശക്തമായ സാന്നിധ്യം അറിയിക്കുന്നത് . കാലങ്ങൾക്കനുസൃതമായി വേഷമണിഞ്ഞ എന്റെ മലനാട്ടു സുന്ദരി ഒരുപാടുകാലം നീണാൾ വാഴട്ടെ..നിനക്ക് ഒരു ആയുഷ്മാൻ ഭവ നേരട്ടെ..
ഇനി ബ്ലോഗിന്റെ പേരിന്റെ പിന്നിലുള്ള രണ്ടാമത്തെ കാര്യം  അതിലെന്തിരിക്കുന്നു.അതെ ഊഹിച്ചതു തന്നെ.എന്റെ എഴുത്തിന്റെ ഗതി കണ്ടാൽ തന്നെ ഒരു ശരാശരി അനുവാചകന് ഊഹിക്കാം.ഇത് ഒരു വട്ടെഴുത്തു  തന്നെ. അപ്പൊ ഞാൻ എഴുതി തുടങ്ങാം അല്ലെ..